
കൊരട്ടി: പുലിപ്പേടിയിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് ആറാം ദിവസത്തിലേക്കു കടക്കുമ്പോഴും പിടികൊടുക്കാതെ പുലി.
ഇക്കഴിഞ്ഞ 14 നാണ് ചിറങ്ങര മംഗലശേരിയിൽനിന്നു വളർത്തുനായയുമായി മതിൽ ചാടി പുലി അപ്രത്യക്ഷമായത്. പുലിയെ വരുതിയിലാക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടിയാലോചനകളിലൂടെ പരിശ്രമം തുടരുകയാണ്. ജാഗ്രതാനിർദേശങ്ങൾ നൽകുന്നുമുണ്ട്.
ഇതിനിടെ മംഗലശേരി കുമരിക്കൽ പറമ്പ്, വഴിച്ചാൽ, ചിറങ്ങര റെയിൽവേ ട്രാക്ക്, കൊരട്ടി മൃഗാശുപത്രി പരിസരം, നാലുകെട്ട്, ജെടിഎസ് തുടങ്ങിയ ഭാഗങ്ങളിൽ പുലിയെ കണ്ടെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. പഴുതടച്ച പരിശോധനകൾ തുടരുന്നുണ്ടെങ്കിലും പുലിയെ കണ്ടെത്താനാകുന്നില്ല. നിരീക്ഷണകാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ പലതും നായയുടേതാണ്. വ്യാജവാർത്തകൾ പരക്കുന്നതും തലവേദനയാവുകയാണ്.
ഇന്നലെ വൈകീട്ട് നാലരയോടെ ഡ്രോൺ നിരീക്ഷണം നടത്തി. 15 കിലോമീറ്റർ ചുറ്റളവിലെ ദൃശ്യങ്ങൾ പകർത്താൻ പര്യാപ്തമായ ഡ്രോൺ ആണ് ഇന്നലെ കൊണ്ടുവന്നത്. പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ച വീടിനു പിന്നിലെ കാടുപിടിച്ചുകിടക്കുന്ന ഭാഗമാണ് റേഞ്ച് ഓഫീസർ ജീഷ്മ ജനാർദനന്റെ സാന്നിധ്യത്തിൽ പരിശോധിച്ചത്. വേണ്ടിവന്നാൽ പരിശോധന ഇന്നും തുടരും.
പുലിയെ കെണിയിലാക്കാനായി ഇന്നു വൈകീട്ടോടെ കൂടു സ്ഥാപിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കോതമംഗലത്തുനിന്നാണ് കൂട് കൊണ്ടുവരുന്നത്.
മറ്റൊരു കൂട് വെള്ളിക്കുളങ്ങരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കുശേഷം അടുത്ത ദിവസംതന്നെ കൊണ്ടുവന്ന് സ്ഥാപിക്കും.