
പോത്താനിക്കാട്: കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പൈങ്ങോട്ടൂർ കുളപ്പുറം ഞാറൂംകണ്ടത്തിൽ അജയ് തോമസ് (27) നെയാണ് അഗ്നിരക്ഷാസേന കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയത്. ഇന്നലെ പുലർച്ചെ 12.30ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആൾ മറയില്ലാത്ത 30 അടി താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്.
നടന്നു പോകുന്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു. കിണറ്റിൽ നിന്നും യുവാവിനെ നാട്ടുകാർ കരയ്ക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് കല്ലൂർക്കാട് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് യുവാവിനെ കരയ്ക്കു കയറ്റിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നോബിളിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന കയറിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്താൽ യുവാവിനെ കിണറ്റിൽനിന്നും കരയ്ക്കു കയറ്റുകയായിരുന്നു.
സീനിയർ ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർ നവീൻ, മനോജ്, പ്രമോദ്, മണികണ്ഠൻ, സഞ്ജു, വിഷ്ണു, നിഷാദ്, ജിജോ ഫിലിപ്പ്, സിനോജ്, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
