
മൂവാറ്റുപുഴ: തൊടുപുഴയിൽ പുതിയ കേന്ദ്രീയ വിദ്യാലയത്തിന് കേന്ദ്ര സർക്കാർ കാബിനറ്റ് തീരുമാനം നൽകിയതായി ഡീൻ കുര്യാക്കോസ് എംപി. കേന്ദ്ര സർക്കാർ അനുവദിച്ച 85 വിദ്യാലയങ്ങളിൽ കേരളത്തിലെ ഏക കേന്ദ്രീയ വിദ്യാലയം തൊടുപുഴയിലാണ്. തൊടുപുഴ മ്രാലയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നത്. ഇവിടെ എട്ട് ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
പുതിയ കെട്ടിട നിർമാണം പൂർത്തീകരിക്കുന്നത് വരെ താൽക്കാലിക സംവിധാനത്തിലായിരിക്കും തുടക്കത്തിൽ പ്രവർത്തിക്കുന്നത്. ഇതിനായി തൊടുപുഴ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ് മുറികളും മറ്റു താത്കാലിക സൗകര്യങ്ങളും സജ്ജീകരിക്കും. മൂന്നിലധികം ക്ലാസ് മുറികൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രത്യേകം ശുചിമുറികൾ, ക്ലാസ് മുറികളെ വേർതിരിക്കുന്ന താൽക്കാലിക സംവിധാനങ്ങളും ഒരുക്കും. ഇവിടെ കേന്ദ്രീയ വിദ്യാലയ സംഘതൻ മാനദണ്ഡ പ്രകാരം അഗ്നിസുരക്ഷ സജ്ജീകരണങ്ങളും ഒരുക്കേണ്ടിവരും. രാജ്യാന്തര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെയാകും മ്രാലയിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് പദ്ധതി അനുവദിക്കപ്പെട്ടതെന്ന് എംപി പറഞ്ഞു. പി.ജെ. ജോസഫ് എംഎൽഎയും മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് പൂർണ പിന്തുണ നൽകിയിരുന്നു.