
കോതമംഗലം: ഭൂതത്താൻകെട്ട്-പെരിയാർവാലി ഇറിഗേഷൻ പദ്ധതിയിലെ സീറോ പോയിന്റ് മുതൽ ചെമ്മീൻകുത്ത് വരെയുള്ള കീരംപാറ-പിണ്ടിമന വില്ലേജിലൂടെ പോകുന്ന മെയിൻ കനാൽ ബണ്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂതത്താൻകെട്ട്-പെരിയാർവാലി സബ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കും, പെരുന്പാവൂർ ഡിവിഷൻ ഓഫീസിലെ എക്സിക്യൂട്ടീവ് എൻജിനീയർക്കും തദ്ദേശവാസികൾ ഭീമ ഹർജി നൽകി.
പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡ് തകർന്നിട്ട് അഞ്ചു വർഷം കഴിഞ്ഞു. പകുതിയോളം കുണ്ടും കുഴിയുമായി തകർന്ന കിടന്ന റോഡ് 2023 ഡിസംബറിൽ പണി തുടങ്ങുന്നതിന്റെ ഭാഗമായി ബാക്കി പകുതി കൂടി ഇളക്കിയിട്ട് ടാറിംഗ് തുടങ്ങാത്തതിനാൽ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. 10 മാസം മുന്പ് ഉദ്ഘാടനം നിർവഹിച്ച റോഡ് നിർമാണം രണ്ടു ദിവസം നടത്തിയിട്ട് നിർത്തി പോയതു മൂലം മുന്നോറോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. പ്രദേശവാസികളായ ഷോജി ജോസഫ്, ബിജു പുതുക്കയിൽ, സിറിൽ മാത്യു, ബിജു പുത്തയത്ത്, ജെയ്മോൻ തൊന്പ്ര, ജോബി നിരവത്ത്, ജോസ് കാഞ്ഞിരക്കാട്ട്, സജി തോമസ്, ഷോജി, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഭീമ ഹർജി നൽകിയത്.