
കോതമംഗലം: ആഗോള തീർഥാടന കേന്ദ്രമായ മാർത്തോമാ ചെറിയ പള്ളിയിൽ കോതമംഗലം കണ്വൻഷന് തുടക്കമായി. എൽദോ മാർ ബസേലിയോസ് ബാവ നഗറിൽ നടന്ന കണ്വൻഷൻ ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബാവയെ യോഗം അനുസ്മരിച്ചു.

ജീവനും സ്വപ്നങ്ങളും സഭയ്ക്ക് നൽകിയ പിതാവാണ് കാലം ചെയ്ത ശ്രേഷ്ഠ ബാവ, മഴ പെയ്തു തീർന്നതിനു ശേഷമാണു മഴവില്ലിന്റെ മനോഹാരിത മനസിലാക്കുകയൊള്ളുവെന്നും സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫാ. എബി വർക്കി വചന സന്ദേശം നൽകി.

101 അംഗ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ആന്റണി ജോണ് എംഎൽഎ, സഹ വികാരിമാർ, കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട് എന്നിവർ പ്രസംഗിച്ചു. ഇന്ന് ഫാ. കുര്യൻ കാരിയ്ക്കൽ വചന സന്ദേശം നൽകും. രാവിലെ 10 മുതൽ നടക്കുന്ന ധ്യാനത്തിന് തുത്തൂട്ടി ധ്യാന കേന്ദ്രം നേതൃത്വം നൽകും.