
ഇടുക്കി ചേട്ടൻമാർക്കൊപ്പം കണ്ടത്തിൽ ക്രിക്കറ്റ് കളിച്ചാണ് തുടക്കം. അവിടെനിന്ന് കേരള ടീമിൽ വരെയെത്തി. അലീനയുടെ കായികയാത്ര അവിടംകൊണ്ട് തീർന്നില്ല. ക്രിക്കറ്റിനൊപ്പം ബേസ് ബോളിലും മികവ് തെളിയിച്ചിരിക്കുകയാണ്. 2023-ൽ ഹോങ്കോങ്ങിൽനടന്ന വിമൻസ് ബേസ് ബോൾ എഷ്യൻകപ്പിൽ അലീന ഇന്ത്യൻ ജേഴ്സി അണിഞ്ഞു. വരാൻപോകുന്ന വനിതകളുടെ ബേസ്ബോൾ ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലും ഇടംനേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ഇരുപത്തിനാലുകാരി.

ഇടുക്കി പുല്ലുകണ്ടം പാറത്തോട് കണ്ടച്ചാംകുന്നേൽ അലീന സുരേന്ദ്രന് ചെറുപ്പം മുതലേ ക്രിക്കറ്റിനോടായിരുന്നു ഇഷ്ടം. സാധാരണ കർഷക കുടുംബത്തിൽനിന്ന് ക്രിക്കറ്റിലേക്ക് എത്തുക അത്ര എളുപ്പമല്ലായിരുന്നു. അതിനാൽ അത്ലറ്റിക്സിലാണ് ആദ്യം ഒരുകൈ നോക്കിയത്. എങ്കിലും ക്രിക്കറ്റിനോടുള്ള ആഗ്രഹം അണയാതെകിടന്നു. തൊടുപുഴയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലനം നൽകുന്നുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി പരിശീലനം നേടി. അതൊരു വഴിത്തിരിവായിരുന്നു.

സോണൽ, ജില്ലാതല മത്സരങ്ങളിൽ മികച്ചപ്രകടനം നടത്തി. കേരള അണ്ടർ 16 ടീമിൽ ഇടംനേടി. അണ്ടർ-19, അണ്ടർ-23, ഇപ്പോൾ സീനിയർ ടീം എന്നിവയിലേക്കെത്തി. പത്തുവർഷമായി കേരളത്തിന് വേണ്ടി ജേഴ്സി അണിയുന്നു. ഇടംകൈയൻ ബാറ്ററും ഓൾറൗണ്ടറുമാണ്. 2024 മേയിൽ തലശ്ശേരിയിൽനടന്ന കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഓൾ കേരള വിമെൻസ് ടി-ട്വന്റി ടൂർണമെന്റിൽ അലീന ഓടിവന്ന് ഡൈവ് ചെയ്തെടുത്ത ’സൂപ്പർ ക്യാച്ച്’ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദേശീയതാരങ്ങളയ സ്മൃതി മന്ദാനയും അഞ്ജലി സർവാണിയും ഇൻസ്റ്റഗ്രാമിലൂടെ അഭിനന്ദം അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടുകയാണ് അലീനയുടെ ലക്ഷ്യം.

ഡിഗ്രി പഠനത്തിനിടെയാണ് ബേസ്ബോൾ കളിച്ചുതുടങ്ങിയത്. ക്രിക്കറ്റിനൊപ്പംതന്നെ അതും പരിശീലിച്ചു. എം.ജി. സർവകലാശാല ടീമിലാണ് ആദ്യം ഇടം നേടിയത്. പിന്നീട് ദേശീയടീമിൽ. വിമൻസ് ബേസ് ബോൾ എഷ്യൻ കപ്പിലെ പ്രകടനത്തോടെ ഇന്ത്യൻ ടീം വേൾഡ് കപ്പ് യോഗ്യത നേടി. ഇതിനുള്ള ടീമിൽ ഇടംനേടാനാകുമെന്നാണ് പ്രതീക്ഷ. കർഷകനായ അച്ഛൻ സുരേന്ദ്രനും അമ്മ ചാന്ദിനിയും സഹോദരങ്ങളായ സിജിലും നിജിലും അലീനയ്ക്ക് കട്ട സപ്പോർട്ടാണ്. ആലുവ യു.സി. കോളേജിൽനിന്ന് ബി.എ. ഇക്കണോമിക്സ് ബിരുദം നേടിയിരുന്നു. ഇപ്പോൾ ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ് .
