
ഇടുക്കി: സ്വകാര്യ ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനഞ്ചുകാരന് കരിമണൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രക്ഷകരായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കരിമണൽ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.
കോതമംഗലം കീരന്പാറ മറ്റത്തിൽ സഞ്ചു സജിക്കാണ് ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാൽമരി മൗണ്ട് കാൽവരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് സഞ്ചു. കീരന്പാറയിലെ വീട്ടിൽനിന്ന് സ്കൂളിലേയ്ക്ക് പോകാനായി എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കൊച്ചിൻ മോട്ടോഴ്സ് എന്ന ബസിലാണ് സഞ്ചു കയറിയത്.
യാത്രക്കിടെ സഞ്ചുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ബസ് ജീവനക്കാർ കരിമണൽ പോലീസ് സ്റ്റേഷനിൽ നിർത്തി വിവരം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ വിദ്യാർഥിയെ പോലീസിനെ ഏൽപ്പിച്ച് സർവീസ് തുടർന്നു.
ഇവർ പോലീസ് ജീപ്പിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. എസ്ഐ സജീവ് ബനഡിക്ട്, സിവിൽ പോലീസ് ഓഫീസർമാരായ വി.പി. ഷിഹാബ്, സഹീർ ഹുസൈൻ എന്നിവർ ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.