
അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന മാങ്കുളം റേഷന്‍കട സിറ്റിക്ക് സമീപമുള്ള ബൈസണ്‍വാലി വളവ്
അടിമാലി : മാങ്കുളം ആനക്കുളം റോഡില്‍ ഏറ്റവും അപകട സാധ്യതയുള്ള രണ്ടിടങ്ങളില്‍ ഒന്നാണ് മാങ്കുളം റേഷന്‍കട സിറ്റിക്ക് സമീപമുള്ള ബൈസണ്‍വാലി വളവ്. കൊടും കയറ്റവും തുടരെ തുടരെ വളവുകളുമുള്ള പ്രദേശമാണിവിടം. ഇതുവരെ ഇവിടെ വാഹനാപകടങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞു. കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞതുള്‍പ്പെടെ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച ഭാരം കയറ്റി വന്ന മിനി ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പിറകോട്ട് ഉരുണ്ട് കാറിലിടിച്ചുണ്ടായ അപകടമാണ് ഒടുവില്‍ സംഭവിച്ചത്.

മുമ്പ് ഇതേ റോഡില്‍ പേമരം വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയും മരണങ്ങള് സംഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ജനകീയ പ്രതിഷേധമുയര്‍ന്നതോടെ ഈ ഭാഗത്തെ കൊടും വളവ് നിവര്‍ത്തുകയും ഫലപ്രദമായ അപകട സൂചന സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതോടെ പേമരം വളവില്‍ അപകടങ്ങള്‍ കുറഞ്ഞു. വിനോദ സഞ്ചാര സീസണാരംഭിച്ചതോടെ മാങ്കുളത്തേക്കും ആനക്കുളത്തേക്കും വിനോദ സഞ്ചാര വാഹനങ്ങള്‍ ധാരാളമായി എത്തുന്ന സ്ഥിതിയുണ്ട്. ആദ്യമായി ഇതുവഴിയെത്തുന്ന വാഹനയാത്രികര്‍ക്ക് റോഡിന്റെ ദിശയും തുടരെ തുടരെയുള്ള വളവുകളെ സംബന്ധിച്ചും എളുപ്പത്തില്‍ ധാരണ ലഭിക്കില്ല. കയറ്റം കയറുമ്പോള്‍ വാഹനം വഴി മധ്യേ നിന്ന് പോയി പിറകോട്ട് ഉരുളുന്നതും ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമാകുന്നതുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തുന്നത്. പ്രദേശത്തെ അപകട സാധ്യത തിരിച്ചറിയാന്‍ സഹായിക്കും വിധം ഇറക്കമാരംഭിക്കുന്നിടത്തും കയറ്റം തുടങ്ങുന്നിടത്തും കൂടുതല്‍ ഫലപ്രദമായ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്നാണ് ആവശ്യം. റേഷന്‍ കട സിറ്റി കഴിഞ്ഞാലുടന്‍ റോഡില്‍ വേഗനിയന്ത്രണ സംവിധാനമൊരുക്കുന്നതും അപകടങ്ങള്‍ കുറക്കാന്‍ സഹായിക്കും. ഇതിനായി ഏറ്റവും വേഗത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.