
കൊച്ചി: സംസ്ഥാനത്തെ കായിക മേഖലയുടെ അഭിമാനമായ കോതമംഗലം മാർ ബേസിൽ സ്കൂളിനെ അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്നും വിലക്കിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. അടിയന്തരമായി വിലക്ക് പിൻവലിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മാർ ബേസിൽ സ്കൂളിന് ചാംപ്യൻപട്ടം നിഷേധിക്കാൻ കൊണ്ടുവന്ന വിചിത്രമായ വകുപ്പിനെയാണ് വിദ്യാർഥികൾ ചോദ്യം ചെയ്തത്. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? നിയമസഭയിൽ നടത്തിയ പേക്കൂത്തുകളുടെയും കയ്യാങ്കളിയുടെയും പേരിൽ കുപ്രസിദ്ധനായ മന്ത്രി ശിവൻകുട്ടിയുടെ വകുപ്പാണ് ഈ നടപടി എടുത്തിരിക്കുന്നത് എന്ന് ഓർക്കണം.
നടപടി പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ അദ്ദേഹം സന്നിഹിതനായിരുന്നു. സംഭവത്തിന് ശേഷം സ്കൂൾ അധികൃതരും അധ്യാപകരും ഖേദം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. എന്നിട്ടും പിഞ്ചു കുഞ്ഞുങ്ങളുടെ ഭാവി തുലയ്ക്കുന്ന ഈ പ്രതികാര നടപടി എടുത്തു എന്നത് അതിശയകരമാണ്. ഏത് നിയമത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്ന് വകുപ്പ് വിശദീകരിക്കണം.

വിലക്ക് നീക്കാൻ ഏതറ്റം വരെയും പോകുമെന്നും മാർ ബേസിൽ സ്കൂളിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലം സംസ്ഥാന, ദേശീയ ചാമ്പ്യൻമാരായിരുന്ന മാർ ബേസിൽ സ്ക്കൂൾ എക്കാലവും കായിക കേരളത്തിന് അഭിമാനമാണ്. സർക്കാരിൻ്റെ നയാ പൈസ പിന്തുണ കൂടാതെയാണ് കോതമംഗലം സ്കൂളുകൾ ഈ നേട്ടം രണ്ട് പതിറ്റാണ്ടായി സ്വന്തമാക്കിയിരുന്നത്. മാർ ബേസിലിനെതിരെയുള്ള നീക്കം കരുതിക്കൂട്ടിയുള്ളതാണ്. പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടി നിശബ്ദമാക്കാമെന്ന വ്യാമോഹം മന്ത്രി ശിവൻകുട്ടിക്കു വേണ്ട. ശക്തമായ പ്രതിഷേധം ഉണ്ടാകും. സ്കൂളിലെ ഒരു കുട്ടിക്ക് പോലും അവസരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും ഷിബു തെക്കുംപുറം വ്യക്തമാക്കി.