
തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ തിരക്കേറി. ഏപ്രിൽ 27ന് പ്രധാന തിരുനാളും മെയ് നാലിന് എട്ടാമിടവും ആഘോഷിക്കും. മെയ് 31 വരെ മലകയറാൻ സൗകര്യമുണ്ടാകും. മലയാറ്റൂർ മഹാഇടവക ജനങ്ങളും പുരോഹിതന്മാരും ചേർന്ന് ഇത്തവണത്തെ മലകയറ്റത്തിന് തുടക്കംകുറിച്ചു.
ഈസ്റ്റർനോമ്പ് ആരംഭംമുതൽ തോളിൽ മരക്കുരിശ് ചുമന്ന് നിരവധിപേർ മലകയറാറുണ്ട്. നോമ്പ് ആരംഭംമുതൽ മലയാറ്റൂർ താഴെ പള്ളിയിലും കുരിശുമലയുടെ മുകളിലും തിരുകർമങ്ങൾ നടക്കുന്നുണ്ട്. ചൂട് കൂടിയതിനാൽ ഇത്തവണ രാത്രിയും അതിരാവിലെയുമാണ് വിശ്വാസികൾ കൂടുതലും മലകയറുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽനിന്നും വിശ്വാസികൾ മലയാറ്റൂരിൽ എത്തുന്നു.
തീർഥാടകർക്കായി കാനനവഴികളിൽ വൈദ്യുതദീപങ്ങളും കുടിവെള്ളവും പള്ളി കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. പകൽ എത്തുന്നവർക്ക് കുരിശുമുടിക്കുതാഴെ 110 ഏക്കറിൽ മനോഹരമായ ചിറയും കാണാം. എന്നാൽ, ആഴമുള്ള ചിറയിൽ തീർഥാടകർക്ക് ഇറങ്ങാൻ അനുവാദമില്ല. വിനോദസഞ്ചാരകേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ, തമിഴ്നാട്ടിലെ വാൽപ്പാറ എന്നിവിടങ്ങളിലേക്ക് മലയാറ്റൂരിൽനിന്ന് എളുപ്പത്തിൽ പോകാം.