
കോതമംഗലം : കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിൽ തുടരെ ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കഴിയാത്ത എംഎൽഎയും എൽഡിഎഫ് സർക്കാരും തികഞ്ഞ പരാജയമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആരോപിച്ചു. കഴിഞ്ഞദിവസം കുട്ടമ്പുഴയിൽ എൽദോസ് എന്ന യുവാവ് കാട്ടാനക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടിട്ട് ഏകദേശം ആറു മണിക്കൂറുകൾ കഴിഞ്ഞ് വൻ പോലീസ് അകമ്പടിയോടെ മാത്രമാണ് എംഎൽഎ സ്ഥലത്ത് എത്തിയത് . പിണവൂർ കുടിയിൽ കാട്ടാന ആക്രമണത്തിൽ സന്തോഷ് എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ പ്രഖ്യാപിച്ച ട്രഞ്ച് നിർമ്മാണം രണ്ടു വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് നടപ്പിലാക്കുവാൻ ആരംഭിക്കുന്നത് . വിവിധ പ്രദേശങ്ങളിൽ ഫെൻസിങ്ങും RRT യും വാഹനവും എംഎൽഎ പ്രഖ്യാപിക്കുകയും ഉത്ഘാടനം നടത്തി പത്രവാർത്ത. നൽകുകയും ചെയ്തെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുക മാത്രമാണ് ഉണ്ടായിട്ടുള്ളത് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം എംഎൽഎയും സർക്കാരും പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. കുട്ടമ്പുഴ സംഭവത്തിൽ കോതമംഗലത്ത് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് രാഷ്ട്രീയടിസ്ഥാനത്തിലല്ല മറിച്ച് വിവിധ മതമേലദ്ധ്യക്ഷൻമാരും സാമൂഹ്യ സാംസ്കാരിക നേതാക്കളുമാണ്. കഴിഞ്ഞദിവസം കുട്ടമ്പുഴയിൽ ഉണ്ടായ സംഭവത്തിൽ നാട്ടിലെ ജനങ്ങളും മതമേലദ്ധ്യക്ഷൻ മാർ അടക്കമുള്ളവരും പ്രകടിപ്പിച്ച ആവശ്യങ്ങളെ കോതമംഗലം MLA പുച്ഛിക്കുകയും അവഹേളിക്കുകയുമാണ് പത്ര സമ്മേളനം നടത്തി ചെയ്തിട്ടുള്ളതെന്നും UDF കൺവീനർ ഷിബു തെക്കും പുറം പറഞ്ഞു.